നിപ പ്രതിരോധത്തിൽ ആശ്വാസം; ഒരാൾ കൂടി ആശുപത്രി വിട്ടു, സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധനാഫലവും നെഗറ്റീവ്. നിലവിൽ 104 പേർ നിരീക്ഷണത്തിൽ.

കോഴിക്കോട്: നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന ഒരാൾ കൂടി രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ആശുപത്രി വിട്ടു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമ്പത് പേരിൽ അഞ്ചുപേർ ഡിസ്ചാർജായി. നിലവിൽ നാല് പേർ കൂടി നിരീക്ഷണത്തിൽ തുടരുകയാണ്.നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന ഒരു ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്ന് പുതിയതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്. എല്ലാവരും നിലവിൽ ക്വാറന്റൈനിൽ തുടരുകയാണ്.പ്രഭവകേന്ദ്രത്തിന് സമീപമുള്ള വളർത്തുമൃഗങ്ങളുടെയും വവ്വാലുകളുടെ താവളങ്ങളിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസംഘം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി ചികിത്സാ സംഘവുമായി ചർച്ച നടത്തി.രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ 75 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സമ്പർക്കപ്പട്ടികയിലെ 95 പേരെ കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് ആരോഗ്യനില വിലയിരുത്തുകയും അഞ്ച് പേർക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇതുവരെ നിപയുമായി ബന്ധപ്പെട്ട് 87 സംശയനിവാരണ കോളുകൾ കൺട്രോൾ റൂമിൽ ലഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *