വിദ്യാർത്ഥികളിൽ ആരോഗ്യബോധം വളർത്താൻ ‘ഷുഗർ ബോർഡുകൾ’; കോഴിക്കോട് ജില്ലയിൽ വ്യാപക ക്യാമ്പയിൻ

കോഴിക്കോട്: സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയുടെ അളവിനെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ ‘ഷുഗർ ബോർഡ്’ സ്ഥാപിക്കൽ ക്യാമ്പയിൻ ശക്തമാകുന്നു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും അമിത പഞ്ചസാര ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഷുഗർ ബോർഡുകൾ സ്ഥാപിക്കുന്നത് ഏതെങ്കിലും ബ്രാൻഡുകളെയോ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിനെയോ പ്രമോട്ട് ചെയ്യുന്നതിനായല്ലെന്ന് അധികൃതർ വ്യക്തമാക്കി. സോഫ്റ്റ് ഡ്രിങ്കുകളിലെ അമിതമായ ഷുഗർ കണ്ടെൻ്റിനെക്കുറിച്ച് ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പ്രമേഹത്തിന്റെ വിവിധ തരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള സംവാദത്തിനല്ല ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതെന്നും, നാളെയുടെ പൗരന്മാരായ വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള ചിന്ത വളർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ജില്ലയിലെ ബദിരൂർ എ.പി. സ്കൂൾ, എം.ഐ.എൽ.പി. സ്കൂൾ കക്കോടി, ജനത യു.പി.എസ് പാലത്ത്, മുതുവാട് എ.എൽ.പി.എസ്, മക്കട എ.എൽ.പി.എസ്, നരിക്കുനി എച്ച്.എസ്.എസ്, ടി.എം മദ്റസ എ.എൽ.പി.എസ് കൊളത്തറ എന്നിവിടങ്ങളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കുകയും ആരോഗ്യപരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുകയും ചെയ്തു.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെയും ഫുഡ് സേഫ്റ്റി കേരളയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *