ഓപറേഷൻ മൺസൂൺ: മൂന്ന് ദിവസത്തിൽ 248 പരിശോധനകൾ; 23 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

മൺസൂൺ കാലയളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ മൺസൂൺ’ പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 248 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി.

പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ 48 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും അഞ്ച് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഗുരുതരമായ ആരോഗ്യ-ശുചിത്വ വീഴ്ചകൾ കണ്ടെത്തിയ 23 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച 94 സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജില്ലയിലെ 13 സ്കൂളുകളിലും പരിശോധന നടത്തി. മത്സ്യ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.ജില്ലയിലാകെ ദിവസേന ഏഴ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. അവധി ദിവസങ്ങളിൽ പ്രത്യേക എമർജൻസി സ്‌ക്വാഡും പ്രവർത്തിക്കുന്നുണ്ട്.

ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.ഭക്ഷ്യസുരക്ഷ സംബന്ധമായ പരാതികൾ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്

.MALABAR JAGRATHA NEWS LIVE | Food Safety Department Intensifies Monsoon Inspections #OperationMonsoon #FoodSafety #KeralaNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *