വായനയിലൂടെ ലഭിക്കുന്ന അറിവാണ് ഏറ്റവും വലിയ സമ്പാദ്യം: അസി. കലക്ടർ മാളവിക ജി നായർ

കോഴിക്കോട്: വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് അസി. കലക്ടർ മാളവിക ജി നായർ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാദിന-വായനാപക്ഷാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.ഡിജിറ്റൽ യുഗത്തിൽ വായനയ്ക്കുള്ള അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും വായനാശീലം വളർത്തിയെടുക്കാനുള്ള ശ്രമം സ്കൂൾ കാലഘട്ടം മുതൽ ആരംഭിക്കണമെന്നും അസി. കലക്ടർ ആഹ്വാനം ചെയ്തു.പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ യു കെ കുമാരൻ, വായനയിൽ നിന്ന് ലഭിക്കുന്ന ഊർജവും വിവേകവും സാമൂഹിക മാറ്റത്തിനായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശമാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പി.എൻ. പണിക്കർ സമൂഹത്തിന് നൽകിയതെന്ന് പറഞ്ഞു.പി.എൻ. പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. എം. രാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജി.എം.ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ എൻ. പവിത്രൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബി. ബിനു, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി ടി. സുജാത, ലൈബ്രറി കൗൺസിൽ പ്രതിനിധി വി.പി. ശ്യാംകുമാർ, സി. രമേഷ്, ഇ. അനേഷ്, ഐ.പി.ആർ.ഡി ജില്ലാ അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ, അസി. ഇൻഫർമേഷൻ ഓഫീസർ എ.പി. നൗഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പി എൻ പണിക്കർയുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ വി ദാസ്യുടെ ജന്മദിനമായ ജൂലൈ 7 വരെ നടക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *