
രാമനാട്ടുകര: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി വ്യാപാരികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു.ഫറോക്ക് പ്രിൻസിപ്പൽ എസ്.ഐ മിഥുൻ എം.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ രാമനാട്ടുകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, പന്നിയങ്കര എസ്.ഐ മുനീർ, നല്ലളം എസ്.ഐ ഷൈജു, പന്തീരങ്കാവ് എസ്.ഐ ജാക്സൺ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ട്രഷറർ പി.എം. അജ്മൽ, ജില്ലാ സമിതി അംഗം അസ്ലം പാണ്ടികാശാല എന്നിവർ സംസാരിച്ചു.ലഹരി വ്യാപനവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിൽ വ്യാപാരികളുടെ പങ്കും സഹകരണവും സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ട്രാഫിക് ക്രമീകരണങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ, നിയമപരമായ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും നിർദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.വ്യാപാര മേഖലയുടെ സുരക്ഷയും പൊതുസമൂഹത്തിന്റെ ജാഗ്രതയും ഉറപ്പുവരുത്തുന്നതിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ. പ്രേംജിത്ത് പറഞ്ഞു. വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളും വ്യാപാരികളും പരിപാടിയിൽ പങ്കെടുത്തു.
