
📍കോഴിക്കോട്: ജില്ലയിൽ രാത്രികാല തട്ടുകടകൾ, ഷവർമ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാപക മിന്നൽ പരിശോധന നടത്തി. രണ്ട് പ്രത്യേക സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ ആകെ 84 സ്ഥാപനങ്ങൾ പരിശോധിച്ചു.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 36 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ 22 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ഗുരുതരമായ വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. കൂടുതൽ പരിശോധനകൾക്കായി 30 ഭക്ഷ്യസാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.സ്ഥാപനങ്ങൾക്കുള്ള പ്രധാന നിർദേശങ്ങൾ🔹 പാചകത്തിനും പാത്രം കഴുകുന്നതിനും ശുദ്ധവും സുരക്ഷിതവുമായ വെള്ളം മാത്രം ഉപയോഗിക്കുക.🔹 ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ വ്യക്തിഗത ശുചിത്വം കർശനമായി പാലിക്കണം.🔹 കൈ കഴുകാൻ സോപ്പോ സാനിറ്റൈസറോ നിർബന്ധമായും ഉപയോഗിക്കണം.🔹 പാകം ചെയ്ത ഭക്ഷണവും പച്ചവസ്തുക്കളും വേർതിരിച്ച് സൂക്ഷിക്കണം.🔹 ഭക്ഷ്യവസ്തുക്കൾ പൊടി, പുക, കീടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന രീതിയിൽ മൂടിവെക്കണം.🔹 മാലിന്യ നിർമാർജനത്തിനായി അടച്ച മാലിന്യ ബിൻ സജ്ജീകരിക്കണം.🔹 ലൈസൻസ്, രജിസ്ട്രേഷൻ രേഖകൾ സ്ഥാപനത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണം.
