
വയനാട്–മലപ്പുറം ജില്ലകളെ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ബന്ധിപ്പിക്കുന്ന ചൂരൽമല–പോത്തുകല്ല് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നു. വയനാട്ടിലെ മേപ്പാടി ചൂരൽമലയിൽ നിന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലേക്ക് വനമേഖലയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കാനാണ് പദ്ധതി.പദ്ധതിയുടെ പ്രാഥമിക ചെലവ് 2500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. പദ്ധതിക്ക് ബജറ്റിൽ ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തുരങ്കപാത യാഥാർഥ്യമായാൽ വയനാടിനും മലപ്പുറത്തിനുമിടയിലെ യാത്രാസമയം ഗണ്യമായി കുറയുകയും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യും.അതേസമയം, വയനാട് അതിർത്തിയിലെ അരണമുഴയിൽ നിന്ന് മലപ്പുറത്തെ മുണ്ടേരിയിലേക്ക് നിലവിൽ പഴയ കൂപ്പ് റോഡ് നിലനിൽക്കുന്നുണ്ട്. ഈ പാതയും പ്രദേശത്തെ ഗതാഗത ചരിത്രത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്.ചൂരൽമല മേഖലയിലെ വികസന പ്രവർത്തനങ്ങൾ ഇതിനകം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന പാലം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്ന ‘റീബിൽഡ് ചൂരൽമല’ പദ്ധതിക്കായി മുൻ സർക്കാർ 33.96 കോടി രൂപയുടെ ടെൻഡറിന് അംഗീകാരം നൽകിയിരുന്നു.കൂടാതെ, ചൂരൽമലയിൽ നിന്ന് അട്ടമലയിലേക്കുള്ള 2.5 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ 9 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. ബി.എം, ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡ് പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.തുരങ്കപാത പദ്ധതി യാഥാർഥ്യമാകുന്നതോടെ വയനാട്–മലപ്പുറം മേഖലകളുടെ സാമ്പത്തിക, വിനോദസഞ്ചാര, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.
