
തൃശൂർ: ചാലക്കുടി സമ്പാളൂരിൽ മണിക്കൂറുകളോളം നാട്ടുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ഭീഷണി നാടകീയമായി അവസാനിച്ചു. പള്ളി വികാരിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാട്ടർ ടാങ്കിന് മുകളിൽ കയറിയ യുവാവ് സുരക്ഷിതമായി താഴെയിറങ്ങി.ചൊവ്വാഴ്ച ഉച്ചയോടെയാണ് സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടന കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ ചേർത്തല സ്വദേശിയായ പ്രിൻസ് (42) കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ കണ്ടതോടെ പള്ളിയിലെത്തിയ വിശ്വാസികളും നാട്ടുകാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.ഇതിനിടെ രൂപതാ യോഗത്തിൽ പങ്കെടുക്കുകയായിരുന്ന പള്ളി വികാരി ഫാ. ജോൺസൺ പങ്കേത്ത് വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തി. ടെറസിന് മുകളിലെത്തി യുവാവുമായി നേരിട്ട് സംസാരിച്ച അദ്ദേഹം സ്നേഹപൂർവം അനുനയിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ആദ്യം ശാഠ്യം പിടിച്ചുനിന്ന യുവാവ് വികാരിയുടെ വാക്കുകൾക്ക് മുന്നിൽ ഒടുവിൽ കീഴടങ്ങി.മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ട് ഫാ. ജോൺസന്റെ കൈപിടിച്ച് യുവാവ് സുരക്ഷിതമായി താഴെയിറങ്ങി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചേർത്തല സ്വദേശിയായ യുവാവ് എങ്ങനെയാണ് സമ്പാളൂരിലെത്തിയതെന്ന കാര്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ക്യാപ്ഷൻ:സമ്പാളൂരിലെ തീർത്ഥാടന കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പള്ളി വികാരി ഫാ. ജോൺസൺ പങ്കേത്തിന്റെ ഇടപെടലിൽ സുരക്ഷിതമായി താഴെയിറക്കിയപ്പോൾ.
