
തൃശൂർ: പണത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ധൻപതി നായക് (27) ആണ് മരിച്ചത്.തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് ക്രൂര മർദ്ദനത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.ഗുരുതരമായി പരുക്കേറ്റ ധൻപതി നായകിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിന്റെ പശ്ചാത്തലവും അനാശാസ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
