അർധരാത്രിയിൽ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് വെട്ടേറ്റു; ആക്രമണത്തിൽ ഒരു കൈ അറ്റു, പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി.

ചിക്കമംഗളൂരു: വിവാഹിതയായ യുവതിയെ അർധരാത്രിയിൽ സന്ദർശിക്കാനെത്തിയ യുവാവിന് യുവതിയുടെ ബന്ധുവിന്റെ വെട്ടേറ്റു. ആക്രമണത്തിൽ യുവാവിന്റെ ഒരു കൈ അറ്റുപോയി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഹൂവിനഹാക്ലു ഗ്രാമത്തിലാണ് സംഭവം.അരുൺ (28) എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുമായി അരുണിന് പ്രണയബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അർധരാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ അരുണും യുവതിയുടെ ബന്ധുവായ ശേഷഗിരിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തർക്കം രൂക്ഷമായതോടെ വീടിന് പുറത്തേക്ക് പോയ അരുണിനെ ശേഷഗിരി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ അരുണിന്റെ ഒരു കൈ അറ്റുപോയി.ഗുരുതരമായി പരിക്കേറ്റ അരുണിനെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *