
മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതായി റിപ്പോർട്ട്. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണമാണ് നഷ്ടപ്പെട്ടത്.2018 ന് മുൻപും ശേഷവും ലഭിച്ച സ്വർണത്തിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കാണാതായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായതായി സ്ഥിരീകരിച്ച് കൊണ്ടോട്ടി എസ്‌പി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് ആദ്യമായി സ്വർണനഷ്ടത്തിന്റെ വിവരം പുറത്ത് വന്നത്.ഇതിനിടെ, സംഭവത്തിന് പിന്നിൽ സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിക്കാനാണ് പൊലീസ് നീക്കം. വകുപ്പിനുള്ളിൽ നിന്നുതന്നെ സ്വർണനഷ്ടം സംഭവിച്ചെന്ന വിവരം സേനയ്ക്ക് നാണക്കേടായിരിക്കുകയാണ്.
