ഭരണമാറ്റത്തിന് പിന്നാലെ രാജി; സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് നടന്‍ മധുപാല്‍

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നടന്‍ മധുപാല്‍ രാജിവച്ചു. സംസ്ഥാനത്ത് ഭരണമാറ്റം നടന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായും മധുപാല്‍ വ്യക്തമാക്കി.തന്റെ കാലഘട്ടത്തിലെ പ്രധാന നേട്ടമായി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായങ്ങള്‍ ഗണ്യമായി ഉയര്‍ത്താനായതിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. 4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കുകയും, 1100 രൂപയായിരുന്ന കുടുംബ പെന്‍ഷനും അവശതാ പെന്‍ഷനും 1600 രൂപയാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.2026 ഏപ്രില്‍ മാസത്തില്‍ മാത്രം 4600 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷനും, 375 പേര്‍ക്ക് 1600 രൂപ വീതം അവശതാ പെന്‍ഷനും വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ധനസഹായം 25,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയതും, ചികിത്സ ധനസഹായം ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചതും, മരണാനന്തര ധനസഹായം 10,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കിയതും തന്റെ ഭരണകാലത്തെ നേട്ടങ്ങളായി മധുപാല്‍ വിശദീകരിച്ചു.സിനിമാ ടിക്കറ്റുകള്‍ക്ക് മേല്‍ ഈടാക്കുന്ന മൂന്ന് രൂപ സെസും അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോര്‍ഡിന്റെ പ്രധാന വരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവിധ പെന്‍ഷനുകള്‍ക്കും ധനസഹായങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സംവിധാനം നടപ്പാക്കിയതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായതായി മധുപാല്‍ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *