
കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുളിക മാറി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ ഇന്ന് പുലർച്ചെ മരിച്ചു.കഴിഞ്ഞ മാസം 23-നാണ് നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഉറക്കഗുളിക മാറി നൽകിയതിനെ തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായെന്ന് ബന്ധുക്കൾ ആരോപിച്ചത്. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി വരികയായിരുന്നു.സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചന്ദ്രന്റെ മരണത്തോടെ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്..
