
കോടഞ്ചേരി: കോടഞ്ചേരി–തിരുവമ്പാടി റോഡിൽ പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം. കോടഞ്ചേരിക്കടുത്ത് പുതിയേടത്ത് പടിയിലെ ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് പിക്കപ്പ് നിയന്ത്രണം വിട്ട് സമീപത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇറക്കവും വളവും ഉള്ള ഭാഗത്ത് എത്തിയപ്പോഴാണ് പിക്കപ്പ് സംരക്ഷണ വേലി തകർത്ത് നേരെ താഴ്ചയിലുള്ള തോട്ടിലേക്ക് പതിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസിയായ മുരളിയും മകനും ചേർന്നാണ് സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്.കർണാടകയിൽ നിന്ന് മഞ്ചേരിയിലേക്ക് തക്കാളി കയറ്റി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗം റോഡിലെ ഏറ്റവും അപകടസാധ്യതയേറിയ മേഖലയാണെന്നും ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡിലെ മറ്റ് പല ഭാഗങ്ങളിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം നടന്ന പ്രദേശം ഇപ്പോഴും ഇരുണ്ട നിലയിലാണ്.
