ഫറോക്കിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ ആരോഗ്യ പ്രതിസന്ധി; ഹോസ്റ്റൽ താൽക്കാലികമായി അടച്ചു.

ഫറോക്ക് പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലും ഹോസ്റ്റലിലും വിദ്യാർഥികൾക്കിടയിൽ വൈറൽ പനി, ഛർദി, വയറിളക്കം എന്നിവ പടരുന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. നാൽപതിലധികം വിദ്യാർഥികൾക്ക് അസുഖം ബാധിച്ചതായും ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ അറിയിച്ചു.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഹോസ്റ്റൽ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യവിഭാഗം നിർദേശം നൽകി. പരിശോധനയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.നഗരസഭ സെക്രട്ടറി കെ.പി.എം. നവാസിന്റെ നിർദേശപ്രകാരം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. രാജന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ. സഷിത, ഷീജ പി. വത്സൻ, എം. ഐഷ ബീവി, സി. സുബിൽ, പി. ഷീല മോൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *