മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ; കെഎസ്ആർടിസി പരിശോധന ശക്തമാക്കും

തിരുവനന്തപുരം | കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അനധികൃതമായി ഇരിക്കുകയും, അർഹരായവർ കയറുമ്പോൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യാത്രക്കാരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ സംസ്ഥാനമൊട്ടാകെ കൂടുതൽ കർശനമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പൊതുയാത്രകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകളെക്കുറിച്ച് യാത്രക്കാരിൽ ബോധവത്കരണം സൃഷ്ടിക്കാനുമാണ് നടപടി ശക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി മിന്നൽ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ, അർഹരായവർക്ക് സീറ്റ് നൽകാതെ യാത്ര ചെയ്തവരെ കണ്ടെത്തി സ്ഥലത്തുവെച്ചുതന്നെ പിഴ ഈടാക്കിയതായും അധികൃതർ വ്യക്തമാക്കി.ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന മുതിർന്നവർ ബസിൽ ഏറെ നേരം നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. ബസുകളുടെ മുൻനിരകളിൽ മുതിർന്നവർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെങ്കിലും, പലപ്പോഴും മറ്റ് യാത്രക്കാർ ഇത് അവഗണിക്കുന്നതായി വ്യാപകമായ പരാതികളുണ്ട്.കെ.എസ്.ആർ.ടി.സി സ്വീകരിച്ച നടപടിക്ക് പൊതുജനങ്ങളിൽ നിന്നു പിന്തുണ ഉയരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ റൂട്ടുകളിൽ വിജിലൻസ് സ്ക്വാഡിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം ആവശ്യമായാൽ ബസിൽ നിന്ന് ഇറക്കിവിടുന്നതുൾപ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് സൂചന.പൊതുഗതാഗതത്തിൽ സഹയാത്രികരോടുള്ള മാനുഷിക പരിഗണനയും സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

#KSRTC #SeniorCitizenSeat #Fine #KeralaTransport #Thiruvananthapuram #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *