
കോഴിക്കോട്: സംസ്ഥാനത്ത് ബീഫിന് പിന്നാലെ കോഴിയിറച്ചിക്കും വില കൂടാനിടയുണ്ടെന്ന് ഇറച്ചിക്കോഴി കർഷകർ. കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കോഴിവില വർധിപ്പിക്കാതെ കൃഷിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് കർഷകരുടെ നിലപാട്.കഴിഞ്ഞ മാസം വരെ ചാക്കിന് ഏകദേശം 2000 രൂപയായിരുന്ന കോഴിത്തീറ്റയുടെ വില ഇപ്പോൾ 2500 മുതൽ 2800 രൂപ വരെയായി ഉയർന്നുവെന്നാണ് കർഷകർ പറയുന്നത്. ഒരു ചാക്കിന് 500 മുതൽ 800 രൂപ വരെയുള്ള വർധന ചെറുകിട കോഴി കർഷകർക്ക് താങ്ങാനാകാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കോഴിവളർത്തൽ സംരംഭം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയും ചില കർഷകർ പങ്കുവയ്ക്കുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ കോഴിയിറച്ചിയുടെ വില വർധിപ്പിക്കൽ അല്ലാതെ മറ്റൊരു മാർഗമില്ലെന്നും കർഷകർ അഭിപ്രായപ്പെട്ടു.തീറ്റവില വർധന തുടർന്നാൽ സംസ്ഥാനത്ത് കോഴിയിറച്ചി വിപണിയിലും ഉടൻ തന്നെ വിലക്കയറ്റം പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
