
മാവൂർ | കോഴിക്കോട്-മാവൂർ റോഡിൽ പെരുവയൽ കല്ലേരിക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കിടിച്ചുകയറി. അപകടത്തിൽ നാല് ഇലക്ട്രിക് സ്കൂട്ടറുകളും ഒരു ബൈക്കും തകർന്നു.കല്ലേരിയിൽ പ്രവർത്തിക്കുന്ന ഇവോൾ ടെക്സ് എന്ന ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിലെത്തിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.മാവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജധാനി സ്വകാര്യബസ് കല്ലേരി ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട് സർവീസ് സെന്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കിടിക്കുകയായിരുന്നുവെന്നാണ് വിവരം.അപകടസമയത്ത് സർവീസ് സെന്ററിന് സമീപം ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ് തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
