
നാദാപുരം: കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കാലികുളമ്പ്, എളമ്പ, നാദാപുരം ഗ്രാമപഞ്ചായത്തിലെ ചീയ്യൂർ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റ് ഏറെ നാശം വിതച്ചത്.ചുഴലിക്കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, റബർ തുടങ്ങിയ കൃഷിനാശവും വൻതോതിലുണ്ടായി. കാലികുളമ്പിൽ മാത്രം മൂന്ന് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. പാറക്കടവിൽ തെങ്ങ് വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
