
കോഴിക്കോട്: ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്രതീക്ഷിത കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നത് അപകടകരമാണെന്നും അധികൃതർ അറിയിച്ചു.
