
തലസ്ഥാനമായ തിരുവനന്തപുരത്ത് വെമ്പായത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. സ്കൂളുകൾ തുറക്കുന്നതിന് മുൻപുള്ള പൊതുഅവധി ദിനമായതിനാൽ നിരവധി കുട്ടികളും രക്ഷിതാക്കളും പാർക്കിൽ എത്തിയിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.പ്രത്യക്ഷസാക്ഷികൾ പറയുന്നതനുസരിച്ച് പ്രവർത്തനത്തിലിരുന്ന റൈഡിന്റെ ഭാഗങ്ങൾ പെട്ടെന്ന് തകരുകയും അതിലുണ്ടായിരുന്നവർ താഴേക്ക് പതിക്കുകയുമായിരുന്നു.
അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.സംഭവത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ശക്തമായി ഉയരുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാതെയാണ് പല വിനോദ പാർക്കുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ്. അപകടം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും പാർക്ക് മാനേജ്മെന്റ് ഔദ്യോഗിക പ്രതികരണം നടത്താത്തതും വിമർശനങ്ങൾക്ക് ഇടയാക്കി.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യമുള്ള തലസ്ഥാന നഗരിക്ക് സമീപം ഇത്തരമൊരു ഗുരുതര അപകടം സംഭവിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി.
