
കൽപ്പറ്റ: കാലവർഷം ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി ചുരം (NH 766) വഴിയുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂൺ 2 മുതൽ കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെയോ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരം ചുരം വഴി പൂർണമായും നിരോധിച്ചിരിക്കുകയാണ്.രണ്ടിൽ കൂടുതൽ ആക്സിലുകളുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയപരിധിക്കുള്ളിൽ താമരശ്ശേരി ചുരം ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം, നാടുകാണി ചുരം എന്നിവ ഉൾപ്പെടെയുള്ള ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.അതേസമയം, കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേന എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പോലീസ് സേനയുടെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമവും മോട്ടോർ വാഹന നിയമവും പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ചുരത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
