മലബാർ റിവർ ഫെസ്റ്റിവൽ 2026: ഒരുക്കങ്ങൾ വിലയിരുത്തി സംഘാടക സമിതി യോഗം

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ പ്രധാന സാഹസിക കായിക മേളകളിലൊന്നുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പന്ത്രണ്ടാം പതിപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു. സി.കെ. കാസിം എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിലായിരുന്നു യോഗം നടന്നത്.ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.യോഗത്തിൽ മത്സരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനം, സാംസ്കാരിക പരിപാടികളുടെ നടത്തിപ്പ്, ദേശീയ-അന്തർദേശീയ താരങ്ങളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രീ-ഇവന്റുകളും സംഘടിപ്പിക്കുന്നതായും യോഗം വിലയിരുത്തി.സാഹസിക കായിക വിനോദസഞ്ചാര രംഗത്ത് കേരളത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന മലബാർ റിവർ ഫെസ്റ്റിവൽ, കോഴിക്കോട് ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹസിക കായിക താരങ്ങളെയും വിനോദസഞ്ചാരികളെയും സ്വീകരിക്കാൻ ജില്ല സജ്ജമാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.ഫെസ്റ്റിവലിന്റെ വൻവിജയത്തിനായി പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം ആവശ്യപ്പെട്ട് സംഘാടക സമിതി യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *