കാലവർഷം കേരളത്തിന്റെ പടിവാതിൽക്കൽ; ശക്തമായ കാറ്റിനും അതിശക്ത മഴയ്ക്കും മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളം കാത്തിരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ സംസ്ഥാനത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷത്തിന്റെ മുന്നോടിയായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അറബിക്കടലിലും ആൻഡമാൻ കടലിലുമായി രണ്ട് ചക്രവാതച്ചുഴികൾ സജീവമായിരിക്കുന്നതാണ് കാലാവസ്ഥാ സാഹചര്യങ്ങളെ സ്വാധീനിക്കുന്നത്. തെക്കൻ കേരള തീരത്തിന് സമീപമുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായാണ് സ്ഥിതിചെയ്യുന്നത്. ഇതിന് പുറമെ വടക്കൻ ആൻഡമാൻ കടലിന് മുകളിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.ജൂൺ 5 മുതൽ 7 വരെ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേ കാലയളവിൽ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, ദുരന്തസാധ്യതാ മേഖലകളിലുള്ളവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.കാലവർഷം കേരളത്തിൽ ഔദ്യോഗികമായി പ്രവേശിക്കുന്നതോടെ സംസ്ഥാനത്ത് മഴയുടെ വ്യാപ്തിയും ശക്തിയും കൂടുതൽ വർധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *