
കടലുണ്ടി: മണ്ണൂർ റെയിൽവേ ഗേറ്റ് വഴി സിറ്റി–ചാലിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നേരത്തെ മണ്ണൂർ റെയിൽവേ ഗേറ്റ് വഴി ചാലിയത്തേക്ക് സർവീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളും നിലവിൽ ഗേറ്റിൽ തന്നെ ട്രിപ്പ് അവസാനിപ്പിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പ്രത്യേകിച്ച് ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ജോലി ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരും ചാലിയം ഭാഗത്തുള്ള താമസക്കാരും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിൽ വലയുകയാണ്.കുന്നത്തുപടി, ചാലിയപ്പാടം, മുല്ലപ്പള്ളി റോഡ് എന്നിവിടങ്ങളിലെ താമസക്കാർക്ക് നഗരത്തിലേക്കുള്ള നേരിട്ടുള്ള ബസ് യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. ബസുകൾ ചാലിയം വരെ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.ബസുകൾ പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് (RTO) അധികൃതർക്കും പോലീസിനും പരാതി നൽകാനുള്ള നീക്കത്തിലാണ് ചാലിയം നിവാസികൾ. യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.ക്യാപ്ഷൻ:മണ്ണൂർ റെയിൽവേ ഗേറ്റിൽ ബസുകൾ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെ തുടർന്ന് ചാലിയം മേഖലയിലെ വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ദുരിതത്തിൽ.
