
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകളിൽ സുപ്രധാന പുരോഗതി കൈവരിച്ചതായി റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധനയ്ക്ക് വിധേയമാകാൻ ഇറാൻ തയ്യാറാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. അതേസമയം, ഇറാനെതിരായ ചില ഉപരോധങ്ങളിൽ ഇളവ് നൽകാനും അമേരിക്ക തീരുമാനിച്ചതായാണ് വിവരം.ഇറാനിയൻ എണ്ണയുടെ ഉത്പാദനം, വിതരണം, അന്താരാഷ്ട്ര വിപണിയിലെ വിൽപ്പന എന്നിവയ്ക്ക് അനുമതി നൽകുന്ന കാര്യത്തിലും ധാരണയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനും ആഗോള എണ്ണവിപണിയിൽ സ്ഥിരത കൈവരിക്കുന്നതിനും ഈ നീക്കം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.അന്താരാഷ്ട്ര സമൂഹം ഏറെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ചർച്ചകളിലെ ഈ മുന്നേറ്റം മേഖലയിൽ സമാധാനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും പുതിയ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ലോക രാഷ്ട്രങ്ങൾ.
