
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദ് (22) ആണ് അപകടത്തിൽപ്പെട്ടത്.ഇടത് കയ്യിൽ പിടിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് വിരലുകൾ അറ്റുപോവുകയും മറ്റ് രണ്ട് വിരലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിന് അടിയന്തര ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക ചികിത്സാ ചെലവുകൾക്ക് മാത്രം 85,000 രൂപയിലധികം ചെലവായതായി ബന്ധുക്കൾ അറിയിച്ചു. കുടുംബത്തിന്റെ പ്രധാന ആശ്രയമായ സഹദിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കളും ബന്ധുക്കളും സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്.ഫുട്ബോൾ വിജയാഘോഷങ്ങളുടെ ഭാഗമായി അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്നതും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതും ഒഴിവാക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
