ആരോഗ്യ മേഖലയെ നവീകരിക്കാൻ ‘കായകൽപ്പം’; സംസ്ഥാനതല ജനസമ്പർക്ക പരിപാടിക്ക് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ ആദ്യഘട്ട സംസ്ഥാനതല ഉദ്ഘാടനം ജൂൺ 9ന് കോഴിക്കോട് നടക്കും.വെള്ളയിലെ മീനൂസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും നിലവിലുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നേരിട്ട് ശേഖരിക്കുകയാണ് ‘കായകൽപ്പം’ പരിപാടിയുടെ ലക്ഷ്യം. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി ആരോഗ്യ രംഗത്ത് ദീർഘകാല വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.ആരോഗ്യ മേഖലയിലെ വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി പരിപാടി മാറുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർഘട്ടങ്ങളിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *