ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; കർണാടക വിനോദസഞ്ചാര സംഘത്തിലെ ഗൈഡിനെ കാണാതായി, ഒരു സ്ത്രീക്ക് പരിക്ക്

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ ഗൈഡിനെ കാണാതായി. അപകടത്തിൽ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കോടഞ്ചേരിക്കടുത്ത കാലമ്പാറ തൂക്കുപാലത്തിന് താഴെ സംഭവം നടന്നത്. വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ 11 അംഗ സംഘം പുഴയിലിറങ്ങിയപ്പോഴാണ് മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.വെള്ളപ്പാച്ചിലിൽ ഗൈഡ് ഒഴുക്കിൽപ്പെട്ട് കാണാതാകുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്‌സും പ്രാദേശിക സന്നദ്ധ പ്രവർത്തകരും ചേർന്ന് കാണാതായയാളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ പുഴകളിലും വെള്ളച്ചാട്ടങ്ങളിലുമിറങ്ങരുതെന്ന് അധികൃതർ പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും വീണ്ടും അഭ്യർഥിച്ചു.തിരച്ചിൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് വാർത്ത പുതുക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *