
സംസ്ഥാനത്ത് വീണ്ടും മാതൃകയായി അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് സ്വദേശിയായ ഏഴ് വയസുകാരൻ മാസ്റ്റർ ലോകിനേനി യാഷ്വന്റെ അവയവങ്ങളാണ് കുടുംബത്തിന്റെ സമ്മതത്തോടെ ദാനം ചെയ്യുന്നത്. ആറ് അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് കൈമാറുകയാണ്.ഇരു വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇതിൽ ഒരു വൃക്ക കോഴിക്കോട് ഇക്ര ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരന് എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കി ആംബുലൻസ് പുറപ്പെട്ടു. ഇതിനായി പ്രത്യേക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കാണ് നൽകുന്നത്. കരൾ കിംസ് ഹെൽത്തിൽ ചികിത്സയിലുള്ള രോഗിക്കും, കോർണിയകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും (ആർ.ഐ.ഒ.), ഹൃദയ വാൽവ് എസ്.സി.ടി.ഐ.എം.എസ്.ടി.യിലേക്കുമാണ് കൈമാറുന്നത്.ജൂൺ 29നാണ് സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ലോകിനേനി യാഷ്വന് ഗുരുതരമായി പരുക്കേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം കിംസ് ഹെൽത്തിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ജൂലൈ 5 രാവിലെ 10.38ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.കരളുറപ്പും മനുഷ്യസ്നേഹവും ചേർന്ന ഈ തീരുമാനത്തിലൂടെ നിരവധി രോഗികൾക്ക് പുതിയ ജീവിതത്തിന്റെ പ്രതീക്ഷയാണ് യാഷ്വന്റെ കുടുംബം നൽകിയത്.
