
കടലുണ്ടി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ രാത്രി പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ കണ്ടെത്തിയ ചാലിയത്തെ ഒരു ഹോട്ടൽ അടപ്പിച്ചു. ചാലിയം ടേസ്റ്റി ഹട്ട് ഹോട്ടലിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്ത ആറു സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 14 സ്ഥാപനങ്ങളിൽ നിന്ന് ആകെ 2,800 രൂപ പിഴ ഈടാക്കി. ചാലിയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും നേതൃത്വം നൽകിയ പരിശോധന ചാലിയം അങ്ങാടി, ബീച്ച്, മണ്ണൂർ വളവ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് നടത്തിയത്.പല സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം, വ്യാപാരികളുടെ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും അധികൃതർ കൂടുതൽ ശ്രദ്ധ നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
