കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ ആറു എക്സൈസ് ഉദ്യോഗസ്ഥരെ അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായത്. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സ്ഥിതി ആശങ്കാജനകമായി.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റ് ജീവനക്കാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ യൂണിറ്റിലെ സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തെടുത്തു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ബാബുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോംഗാർഡ് സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കാനായതായി അധികൃതർ അറിയിച്ചു.
