
കണ്ണൂർ: കൊട്ടിയൂർ ക്ഷേേത്രത്തിലെ വൈശാഖ മഹോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ ആശങ്ക. അക്കരെ കൊട്ടിയൂരിൽ എഴുന്നള്ളത്തിന് എത്തിച്ച ആകാവിള വിഷ്ണുനാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. ചടങ്ങിനായി ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ വിഷ്ണു ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ആന അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരു ഷെഡിന്റെ മേൽക്കൂര ആന തകർത്തതായും റിപ്പോർട്ടുണ്ട്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പാപ്പാൻമാർ സമയോചിതമായി ഇടപെട്ട് ആനയെ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്. സംഭവത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ജാഗ്രതാ നടപടികളോടെ തുടരുകയാണ്.
