കോമലക്കുന്നിൽ മാലിന്യം തള്ളിയ സംഭവം; നാട്ടുകാരുടെ ഇടപെടലിൽ മാലിന്യം തിരിച്ചുകടത്തി

കോഴിക്കോട്: പാലാഴി കോമലക്കുന്നിലെ ഇരിങ്ങല്ലൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജൈവ-അജൈവ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ അധികൃതർ ഇടപെട്ട് മാലിന്യം തിരിച്ചുകടത്തി. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന മാലിന്യങ്ങളാണ് പറമ്പിൽ നിക്ഷേപിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. തുടർന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ച ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഒരു വീട്ടിൽ നിന്നു നീക്കം ചെയ്ത നിർമ്മാണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണിതെന്ന് വ്യക്തമായത്.പരാതിയെ തുടർന്ന് മാലിന്യം തിരിച്ചെടുക്കാമെന്ന് സമ്മതിച്ച ഡ്രൈവർ ലോറിയുമായി സ്ഥലത്തെത്തി. ഇതിനിടെ സ്ഥലം ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് പൊലീസും പഞ്ചായത്ത് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.അധികൃതരുടെ നിർദേശപ്രകാരം തള്ളിയ മാലിന്യങ്ങൾ മുഴുവൻ ലോറിയിൽ കയറ്റി തിരിച്ചുകൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരും ദിവസങ്ങളിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രദേശവാസികളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *