ചിറമൂലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാർക്ക് ആശ്വാസം

മുത്തങ്ങ: വയനാട് മുത്തങ്ങ ചിറമൂലയിൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർച്ചെയോടെയാണ് കടുവ കെണിയിൽ അകപ്പെട്ടത്.മുത്തങ്ങ റേഞ്ചിലെ ചിറമൂല ഉന്നതി മേഖലയിലായിരുന്നു കടുവയുടെ സാന്നിധ്യം വ്യാപക ആശങ്ക സൃഷ്ടിച്ചത്. നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ എട്ടോളം ആടുകളെ കൊന്നൊടുക്കിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം പ്രദേശത്ത് നിലനിന്നിരുന്നു.തുടർന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) മേഖലയിൽ ക്യാമ്പ് ചെയ്യുകയും കടുവയെ പിടികൂടുന്നതിനായി പ്രത്യേക കൂട് സ്ഥാപിക്കുകയും ചെയ്തു. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.കടുവയെ പിടികൂടിയതോടെ മാസങ്ങളായി ആശങ്കയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി വിദഗ്ധരും ചേർന്ന് ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനകൾക്ക് ശേഷം കടുവയെ കുപ്പാടിയിലെ കടുവ പുനരധിവാസ കേന്ദ്രത്തിലേക്കോ ഉൾവനത്തിലേക്കോ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *