
കോഴിക്കോട് : മാരക ലഹരി മരുന്നായ എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന യുവാവിനെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തറ മോഡേൺ ബസാർ സ്വദേശി മഠത്തിൽ കുറ്റിപറമ്പ് ജിദ്ദ ഹൗസിൽ ജുനീഷ് (28) ആണ് പിടിയിലായത്. ഇയാൾ നിലവിൽ ഫറോക്ക് തോട്ടുപാടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ചെറുവണ്ണൂർ കെ.എസ്.ഇ.ബി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ സംശയാസ്പദ സാഹചര്യത്തിൽ ഇരിക്കുകയായിരുന്ന ജുനീഷിനെ ചോദ്യം ചെയ്ത് പരിശോധിച്ചു. പരിശോധനയിൽ ഇയാളിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തി.തുടർന്ന് പ്രതി താമസിച്ചിരുന്ന ഫറോക്കിലെ വാടകവീട്ടിൽ ഫറോക്ക് പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.പ്രതിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ്, വെള്ളയിൽ, കസബ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കൈവശം വെക്കൽ, പൊതുജനശല്യം, വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആനന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുബീഷ് എന്നിവരും ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഫിറോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശന്തനു, പ്രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ യശ്വന്ത്, ഷിംന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. #Kozhikode #DrugBust #MDMA #NallalamPolice #KeralaNews
