
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ 1 മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നു. പ്രവേശനോത്സവ പരിപാടികളോടെ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സ്കൂളുകൾ.ആദ്യമായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പുതിയ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽ നിന്ന് വിദ്യാലയ ജീവിതത്തിലേക്കുള്ള മാറ്റം കുട്ടികളിൽ ചെറിയ ആശങ്കകളും ഭയങ്ങളും ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കുട്ടികളുടെ ആദ്യ സ്കൂൾ അനുഭവം സന്തോഷകരമാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. സ്കൂളിനെക്കുറിച്ച് പോസിറ്റീവായി സംസാരിക്കുക, സ്കൂൾ സമയക്രമത്തിന് അനുസരിച്ച് ഉറക്കവും ദിനചര്യയും ക്രമീകരിക്കുക, സ്വയം ചില കാര്യങ്ങൾ ചെയ്യാനുള്ള പരിശീലനം നൽകുക തുടങ്ങിയവ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.സ്കൂൾ കഴിഞ്ഞെത്തുന്ന കുട്ടികളുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വിദ്യാലയ ജീവിതത്തോടുള്ള താൽപര്യം വർധിപ്പിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ അധ്യയന വർഷത്തെ വരവേൽക്കുന്നത്.
