ട്രാഫിക് പിഴകൾ: വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്

കോഴിക്കോട്: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന മോട്ടോർ വാഹന പിഴകൾ സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.ട്രാഫിക് നിയമലംഘനം കണ്ടെത്തിയാൽ ഇ-ചെല്ലാൻ വഴി പിഴ അടയ്ക്കാൻ വാഹന ഉടമയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കുന്നതാണ്. ഈ കാലയളവിൽ ഓൺലൈൻ സംവിധാനത്തിലൂടെ പിഴ അടയ്ക്കാൻ സാധിക്കും. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കേസ് സ്വമേധയാ വെർച്വൽ കോടതിയുടെ പരിധിയിലേക്ക് മാറും.വെർച്വൽ കോടതിയിലെത്തിയ ശേഷം രണ്ട് മാസത്തേക്ക് കൂടി ഓൺലൈനായി പിഴ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാൽ ഈ സമയപരിധിയും കഴിഞ്ഞാൽ കേസ് സംബന്ധിച്ച തുടർനടപടികൾ കോടതിയുടെ പരിഗണനയിലാകും.ഇതിനിടെ, കോടതി നടപടികളിൽ നിന്ന് ഒഴിവാക്കാമെന്നോ ഓൺലൈനായി പണം അടയ്ക്കാൻ സഹായിക്കാമെന്നോ അവകാശപ്പെട്ട് അധിക തുക ഈടാക്കി ചില ഏജൻസികളും തേർഡ് പാർട്ടി ആപ്പുകളും ആളുകളെ സമീപിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകി വഞ്ചിതരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി കോഴിക്കോട് സിറ്റി ട്രാഫിക് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.ഫോൺ: 0495 2721017, 9497923110സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ.

Leave a Reply

Your email address will not be published. Required fields are marked *