തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്, നിരോധിത സംഘടനയായ എൽടിടിഇ (LTTE) സ്ഥാപകൻ വി. പ്രഭാകരന് ആദരമർപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പ്രഭാകരന്റെ ചരമദിനമായ മെയ് 18-ന് മുള്ളിവായ്ക്കൽ കൂട്ടക്കൊലയെ അനുസ്മരിച്ച് വിജയ് പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രഭാകരൻ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മുള്ളിവായ്ക്കലിനെ പരാമർശിച്ചുകൊണ്ടായിരുന്നു വിജയിന്റെ കുറിപ്പ്. ‘മുള്ളിവായ്ക്കലിലെ ഓർമ്മകൾ ഹൃദയത്തിൽ ഏന്തുന്നുവെന്നും ലങ്കയിലെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി എന്നും നിലകൊള്ളുമെന്നുമാണ്’ അദ്ദേഹം എക്സിൽ കുറിച്ചത്. തമിഴ് വംശഹത്യയുടെ സ്മരണ പുതുക്കുന്ന ദിനമായാണ് മെയ് 18-നെ ഒരു വിഭാഗം തമിഴർ കാണുന്നത്.
വിജയിന്റെ പോസ്റ്റിന് പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ഉത്തരവാദികളായ സംഘടനയുടെ തലവനെ ആദരിച്ച മുഖ്യമന്ത്രിയെ കോൺഗ്രസ് പിന്തുണയ്ക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. അധികാരം പങ്കിടാൻ വേണ്ടി കോൺഗ്രസ് ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നിലവിൽ തമിഴ്നാട്ടിലെ വിജയ്യുടെ സർക്കാരിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ട്.
വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ആരോപണങ്ങളെ പ്രതിരോധിച്ചു. വിജയ് തന്റെ കുറിപ്പിൽ പ്രഭാകരന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനത്തിൽ മുള്ളിവായ്ക്കലിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ തമിഴ് ജനതയോടുള്ള ആദരമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും, ഇത്തരം വംശഹത്യകൾ ഓർമ്മിക്കപ്പെടേണ്ടത് ഏതൊരു നേതാവിന്റെയും കടമയാണെന്നും അവർ വ്യക്തമാക്കി.
തമിഴ്നാട്ടിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സാധാരണയായി പ്രഭാകരനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ് പ്രഭാകരനെ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. എൽടിടിഇ അനുകൂല നിലപാടുള്ള വിസികെ പോലുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ നിലനിൽക്കുന്നത് എന്നതും ഈ നീക്കത്തിന് പിന്നിലെ രാഷ്ട്രീയമായി കണക്കാക്കപ്പെടുന്നുണ്ട്.
1991-ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ട കേസിൽ പ്രധാന പ്രതിയായിരുന്നു എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ. ഇതേത്തുടർന്നാണ് ഇന്ത്യയിൽ എൽടിടിഇക്ക് നിരോധനം ഏർപ്പെടുത്തിയത്. വിജയ്യുടെ നീക്കം വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

