താമരശേരി ഫ്രഷ് കട്ട് ഫാക്ടറി കേസ്: ഭൂമി പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: താമരശേരിയിലെ കോഴിമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ട് സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഫാക്ടറി പ്രവർത്തിക്കുന്ന ഭൂമിയുടെ യഥാർത്ഥ സ്വഭാവം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി.ഭൂമി തോട്ടഭൂമിയാണെന്ന വാദവുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് അനുമതിയോടെ ഉപയോഗിക്കപ്പെട്ടതാണോ, അല്ലെങ്കിൽ അനധികൃതമായി ഭൂവിനിയോഗം മാറ്റിയതാണോ എന്നതിലാണ് പ്രധാന അന്വേഷണം കേന്ദ്രീകരിക്കുന്നത്.പ്രദേശവാസികളായ അബ്ദുൾ ഗഫൂർ, സി.കെ. റഫീഖ്, സൈദലവി എന്നിവർ നൽകിയ ഹർജിയിലാണ് കേസ് പരിഗണിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കമ്പനി രേഖകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ കലക്ടർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.മൂന്ന് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങൾ ഫാക്ടറിയുടെ പ്രവർത്തനത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നുവെന്ന പരാതിയും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം ചീഫ് സെക്രട്ടറി വഴി കോടതിയിൽ സമർപ്പിക്കണം. കേസ് ജൂലൈ 6-ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *