
തിരുവനന്തപുരം | തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനനം അനുവദിക്കില്ലെന്ന് ‘പുതുയുഗ യാത്ര’ക്കിടെ കരിമണൽ ഖനന വിരുദ്ധ സമരസമിതിയുടെ വേദിയിൽ വച്ച് സതീശൻ പ്രഖ്യാപിച്ചിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.ആലപ്പുഴയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് കരിമണൽ ഖനനമാണെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നതായി പ്രതിപക്ഷം ഓർമ്മിപ്പിച്ചു. എന്നാൽ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതി കരിമണൽ ഖനനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ആരോപണം.ആഴക്കടൽ മത്സ്യബന്ധനത്തിനും കരിമണൽ ഖനനത്തിനും പ്രാധാന്യം നൽകുന്നതാണ് ‘മിഷൻ സമുദ്ര’ പദ്ധതിയെന്നും, ഇത് മുൻകാല നിലപാടുകൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം വിമർശിച്ചു.
