നന്തി – ചെങ്കോട്ട്കാവ് ബൈപ്പാസ്: സർവീസ് റോഡ് ആവശ്യപ്പെട്ട് സമരം ശക്തം; അറ്റകുറ്റപ്പണി നിലച്ചതോടെ അപകടഭീഷണി ഉയരുന്നു

കോഴിക്കോട്: നന്തി–ചെങ്കോട്ട്കാവ് ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. സർവീസ് റോഡ് നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നതോടെ ബൈപ്പാസിലെ അറ്റകുറ്റപ്പണികളും മറ്റ് നിർമാണപ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് അപകടസാധ്യതയും ഗതാഗത ബുദ്ധിമുട്ടുകളും രൂക്ഷമായിരിക്കുകയാണ്.

സിഗ്നൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത വലിയ കുഴികൾ ദിവസങ്ങളായി മൂടാതെയാണ് കിടക്കുന്നത്. രാത്രികാലങ്ങളിൽ ഈ ഭാഗം ഏറെ അപകടഭീഷണിയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ 18-ാം തീയതി രാത്രി കുഴിയിൽ വീണ മൂടാടി സ്വദേശിയായ സനൂജിനെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്.മരളൂർ മുതൽ ഗോപാലപുരം വരെ ഏകദേശം 800 മീറ്റർ ദൂരത്തിൽ സർവീസ് റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നഗരസഭയുടെ പനച്ചിക്കുണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ബൈപ്പാസ് നിർമ്മിച്ചതോടെ പഴയ റോഡ് ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടുവെന്നാണ് പ്രദേശവാസികളുടെ പരാതി.

ഒരു വശത്ത് ബൈപ്പാസും മറുവശത്ത് റെയിൽപാതയും വന്നതോടെ പ്രദേശത്തെ 200-ലധികം കുടുംബങ്ങൾ ഗതാഗത പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കുപോലും പുറത്തേക്കുള്ള സഞ്ചാരം പ്രയാസകരമാണെന്നും വിദ്യാർത്ഥികൾ, വയോധികർ, രോഗികൾ എന്നിവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.അതേസമയം,

പ്രതിഷേധ സമരത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുകൊണ്ടാണ് ജോലികൾ വൈകുന്നതെന്നാണ് നിർമാണ കമ്പനിയുടെ വിശദീകരണം. സമരക്കാരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണാൻ ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു.പ്രദേശവാസികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *