
തൂണേരി: റോഡിലേക്ക് മുള്ളൻപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. നരിപ്പറ്റ സ്വദേശിയായ ലിജേഷ് കുമാറാണ് മരിച്ചത്.ഫോട്ടോ തൊഴിലാളിയായ ലിജേഷും ഭാര്യ സൗമ്യയും സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്കാണ് മുള്ളൻപന്നി പെട്ടെന്ന് ചാടിയത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ അപകടത്തിൽപ്പെടുകയും ഇരുവർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റ ലിജേഷിനെ ഉടൻ മുടക്കല്ലൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സൗമ്യ പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.ഇതിന് മുമ്പും പ്രദേശത്ത് വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ സമാന അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
