നായ കടിക്കാതെ രക്ഷപ്പെട്ടാൽ ഭാഗ്യം; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ശല്യം രൂക്ഷം

കോഴിക്കോട്: നവീകരണ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി തെരുവ് നായ ശല്യം മാറുന്നതായി പരാതി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായകളുടെ സാന്നിധ്യം വർധിച്ചതോടെ യാത്രക്കാർ ആശങ്കയിലാണ്.സ്റ്റേഷനോട് ചേർന്നുള്ള പറമ്പുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലുമാണ് നായകൾ കൂട്ടമായി കഴിയുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയും വിദ്യാർത്ഥികളെയും കുട്ടികളെയും നായകൾ പിന്തുടരുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാകുന്നതായും പരാതിയുണ്ട്.ഇന്ന് സ്റ്റേഷൻ പരിസരത്ത് സഞ്ചരിച്ചിരുന്ന ഒരു വിദ്യാർത്ഥി നായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർന്നിരിക്കുകയാണ്.കോടികൾ ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ശക്തമാകുന്നു. റെയിൽവേ അധികൃതരും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി ഇടപെട്ട് അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *