
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, ക്വാറന്റൈനിലുള്ള മൂന്ന് പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് ഐ.സി.എം.ആർ മാർഗനിർദേശങ്ങൾ പാലിച്ച് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ഇതിനിടെ 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 87 ആയി. ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും ഹൈ റിസ്ക് വിഭാഗത്തിൽ 16 പേരും ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണുള്ളത്.രാമനാട്ടുകര നഗരസഭയിലെ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുതോറും സർവേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തിയെങ്കിലും നിപ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
