
നിലമ്പൂർ: നിലമ്പൂർ കൂരാളിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. ഇന്ന് രാവിലെ അസാധാരണമായ ശബ്ദം കേട്ട് സ്ഥലത്തെത്തിയ കിണറിന്റെ ഉടമയാണ് ആന കിണറ്റിൽ വീണുകിടക്കുന്നത് ആദ്യം കണ്ടെത്തിയത്.തുടർന്ന് വിവരം വനപാലകരെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം പ്രദേശത്ത് അടുത്തകാലത്തായി വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികൾ പതിവായി എത്തുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.കിണറ്റിൽ വീണ ആനയെ സുരക്ഷിതമായി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആവശ്യമായ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
