മണാശ്ശേരി കൊലപാതകക്കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: മുക്കത്തിന് സമീപം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. മണാശ്ശേരി സ്വദേശി ജയകുമാറിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സന്ധ്യയോടെ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ, മറ്റൊരു ഇടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് വെച്ചാണ് പിടികൂടിയത്.മണാശ്ശേരിയിലെ ഓട്ടോഡ്രൈവറായ പ്രദീഷ് ആണ് ഒളിവിൽ പോകാൻ ശ്രമിച്ച ജയകുമാറിനെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാളെ തടഞ്ഞുവെച്ചതോടെ വാക്കേറ്റം കേട്ട് പ്രദേശവാസികളും സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെ പ്രതിയെ അവിടെത്തന്നെ പിടിച്ചുനിർത്തി മുക്കം പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണാശ്ശേരി സ്വദേശി വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ബഹളം വെച്ച ജയകുമാറിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് വീട്ടുകാരും നാട്ടുകാരും നോക്കി നിൽക്കെ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *