
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മസിനഗുടി ടൗണിലെ റേഷൻ കടയിൽ കയറിയ കാട്ടാന അരി, പഞ്ചസാര, പാം ഓയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചു. കടയുടെ ഒരു ഭാഗവും ആന തകർത്തതായാണ് റിപ്പോർട്ട്.സംഭവവിവരം ലഭിച്ചതിനെ തുടർന്ന് വനപാലന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനങ്ങളിലെ സൈറൺ മുഴക്കി ആനയെ കട പരിസരത്ത് നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ആന വനമേഖലയിലേക്ക് മടങ്ങി.എന്നാൽ, മടങ്ങുമ്പോൾ ഒരു ചാക്ക് പഞ്ചസാര തുമ്പിക്കൈയിൽ എടുത്തുകൊണ്ടാണ് ആന പോയത്. ഈ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയതും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.ആനശല്യം തടയാൻ റേഷൻ കടയ്ക്ക് ചുറ്റും മതിൽ നിർമ്മിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ല. സംഭവത്തെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
