മീൻ പിടിച്ചാൽ കർശന നടപടി.. ഫിഷറീസ് വകുപ്പ്

മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന ഊത്തപിടിത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി കര്‍ശനമാക്കി. ജില്ലയില്‍ പട്ടാമ്പി, തൃത്താല, പെരിങ്ങോട്ടുകുറുശ്ശി, ഞാങ്ങാട്ടിരി, കൊടുമുണ്ട പ്രദേശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച വലകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ഈടാക്കി. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്തപിടിത്തം തടയാന്‍ ജില്ലയിലുടനീളം ഫിഷറീസ് പട്രോളിങ് സംഘം പരിശോധന നടത്തും.കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം മത്സ്യങ്ങളുടെ പ്രജനനകാലത്ത് ഊത്തപിടിത്തം വിലക്കിയിട്ടുണ്ട്. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലി മീറ്ററില്‍ കുറഞ്ഞ കണ്ണി വലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തി വിട്ടുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കല്‍, വിഷം കലക്കല്‍, പൊതുജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള മത്സ്യബന്ധനം, അനധികൃത കൂടുകള്‍ സ്ഥാപിച്ചുള്ള മത്സ്യബന്ധനം തുടങ്ങി എല്ലാവിധ ഊത്തപിടിത്ത രീതികള്‍ക്കും നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *