
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാരിന്റെ നിലപാടുകൾക്കെതിരെ തമിഴ്നാട് സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ അനുവദിക്കില്ലെന്നും അത് തടയുമെന്നും തമിഴ്നാട് സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നിലപാടും സർക്കാർ ആവർത്തിച്ചു. തമിഴ്നാട് നിയമസഭയുടെ പുതിയ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ടാണ് സർക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിച്ചത്.പുതിയ അംഗങ്ങളെ അഭിനന്ദിച്ച് ഗവർണർ പ്രസംഗം ആരംഭിച്ചു. ടിവികെ സർക്കാർ ജാതിക്കും മതത്തിനും പണത്തിനും അതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയ ഗവർണർ, പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ സംഭാവനകളെയും അനുസ്മരിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. അതേസമയം മുൻ ഡിഎംകെ സർക്കാരിനെതിരെയും ഗവർണർ വിമർശനം ഉന്നയിച്ചു. ലഹരിമരുന്ന് ഒഴുക്ക് നിയന്ത്രിക്കുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടെന്നും അതാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായതെന്നും പ്രസംഗത്തിൽ ആരോപിച്ചു.വിദ്യാഭ്യാസ രംഗത്ത് ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി. ത്രിഭാഷാ നയവുമായി കേന്ദ്രസഹായം ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കില്ലെന്നും തമിഴ്നാടിന്റെ രാഷ്ട്രീയ നിലപാട് ആവർത്തിച്ചു.സംസ്ഥാന താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യ നിലപാടുകൾ തുടരുമെന്നും സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
#Mullaperiyar #TamilNaduAssembly #KeralaNews #MalabarJagrathaNewsLive
